തിരുവനന്തപുരം: അത്തമെത്തും മുൻപേ ഉണർന്ന തലസ്ഥാന നഗരത്തിലെ ഓണവിപണി ഇന്നു മുതൽ കൂടുതൽ കളറാകും.തിരുവനന്തപുരം നഗരം ആഘോഷത്തിരക്കിലേക്കു കടന്നുകഴിഞ്ഞു. ചാല മുതൽ പാളയം വരെയും കിഴക്കേക്കോട്ട മുതൽ കേശവദാസപുരം വരെയും വസ്ത്രശാലകളിലും പച്ചക്കറിക്കടകളിലും പൂക്കടകളിലും ഗൃഹോപകരണ വിപണികളിലും ഇന്നലെ വൈകുന്നേരം മുതൽ തരിക്കേറിത്തുടങ്ങി.
കുടുംബാംഗങ്ങളുമൊത്ത് ഓണക്കോടിയെടുക്കാനെത്തുന്നവർ, കുറഞ്ഞ വിലയിൽ പച്ചക്കറികഴും പഴങ്ങളും തേടിയെത്തുന്നവർ, പൂക്കളത്തിനുള്ള പൂവിനായി നേരത്തെ എത്തുന്നവർ... അങ്ങിനെ ഓണം ഓരോരുത്തർക്കും ഓരോ പ്രതീക്ഷയാകുന്ന കാഴ്ചയാണ് നഗരവീഥികളിലെങ്ങും.
ഓണക്കാലം വ്യാപാരികൾക്ക് ഉത്സവം മാത്രമല്ല, ഒരു വർഷത്തെ കച്ചവടത്തിന്റെ പ്രതീക്ഷ കൂടിയാണ്. വസ്ത്രം, ചെരുപ്പ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, പലചരക്ക്, പച്ചക്കറി തുടങ്ങി മിക്ക മേഖലകളിലും വിൽപ്പന ഉയരുന്ന സമയമാണിത്. വിവിധ ബ്രാന്റുകൾ തങ്ങളുടെ ഓണം സെയിൽ ഓഫറുകൾ പ്രഖ്യാപിച്ച് കളം നിറയുന്പോൾ തലസ്ഥാന നഗരത്തിൽ തെരുവോര കച്ചവട വിപണിയും ദിവസങ്ങളായി സജീവമാണ്.
വിലക്കയറ്റത്തിന്റെ ആശങ്കയ്ക്കിടയിലും സർക്കാർ വിപണി ഇടപെടലുകൾ ആശ്വാസമാകുന്നുണ്ട്. സപ്ലൈക്കോ, കണ്സ്യൂമർ ഫെഡ് ഓണം വിപണികൾ ആരംഭിച്ചതിനു പിന്നാലെ കൃഷിവകുപ്പിന്റെ വിപണികളിലൂടെ കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമായിത്തുടങ്ങിയതും ജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരുന്നു.
ഓണക്കാലത്ത് കുടുംബങ്ങളുടെ ബജറ്റിനും വിപണിയിലെ വിലയ്ക്കുമിടയിലെ ഈ വ്യത്യാസം നിർണായകമാണ്. ഒരു വശത്ത് ഓണക്കോടിയും കുട്ടികളുടെ ആവശ്യങ്ങളും മറുവശത്ത് സദ്യയ്ക്കുള്ള സാധനങ്ങളും പരിമിതമായ വരുമാനത്തിൽ ആഘോഷം ഒരുക്കുന്ന കുടുംബങ്ങൾ വില താരതമ്യം ചെയ്താണ് വാങ്ങലിലേക്ക് നീങ്ങുന്നത്. അതുകൊണ്ടുതന്നെ ചാല, പാളയം, നഗരത്തിലെ വിവിധ കർഷകച്ചന്തകൾ എന്നിവ സാധാരണ വിപണിയേക്കാൾ വിലക്കുറവുള്ള ഇടങ്ങളായി ശ്രദ്ധ നേടുന്നു.
പൂക്കളത്തിനുള്ള പൂവിനും ആവശ്യക്കാർ കൂടുകയാണ്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസത്തെ പൂക്കളമൊരുക്കലാണ് കേരളത്തിന്റെ ഓണാചാരത്തിന്റെ പ്രധാന ഭാഗം. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ആവശ്യത്തിന് തികയാത്തതിനാൽ പൂക്കളുടെ കാര്യത്തിൽ അന്യസംസ്ഥാന വിപണിയെ ആശ്രയിക്കേണ്ടിവരുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. കുടുംബശ്രീയും ഓണവിപണി ലക്ഷ്യമിട്ട് പൂക്കളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്; "ഓണക്കനി' പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറികൾ വിപണിയിലെത്തിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിനായി അടുത്ത ആഴ്ച ദീപാലങ്കാരം തെളിയുന്നതോടെ നഗരം ആഘോഷത്തിമിർപ്പിലാകും.
കോവളം മുതൽ കനകക്കുന്നു വരെ സഞ്ചാരികളും നഗരവാസികളും ഒരുമിച്ച് ഓണത്തിന്റെ നിറത്തിലേക്ക് എത്തുന്പോൾ കിഴക്കേക്കോട്ട മുതൽ പാളയം വരെയുള്ള വ്യാപാര വീഥികൾക്കും പുതിയ ഉണർവ് ലഭിക്കും. ആഘോഷത്തിനൊപ്പം ഉത്തരവാദിത്വത്തിനും ഇത്തവണ പ്രാധാന്യമുണ്ട്.
ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പരിസ്ഥിതി സൗഹൃദവുമായി നടത്താൻ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഭക്ഷ്യമേളകളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡിനെയും വിന്യസിക്കും. അത്തം പിറക്കുന്നതിനു മുന്പുതന്നെ ഓണക്കോടി തേടിയിറങ്ങിയ കുട്ടികളും സദ്യയ്ക്കുള്ള സാധനങ്ങളുടെ വില അന്വേഷിക്കുന്ന വീട്ടമ്മമാരും ഒരു നല്ല ഓണക്കച്ചവടത്തിനായി കാത്തിരിക്കുന്ന ചെറുകിട വ്യാപാരികളുമെല്ലാം വലിയ പ്രതീക്ഷയിലാണ്. ഇവരുടെ പ്രതീക്ഷകളിലാണ് തലസ്ഥാനത്തെ ഓണം യഥാർഥത്തിൽ രൂപംകൊള്ളുന്നത്.
ആഘോഷത്തിന്റെ വലിപ്പം എന്തു തന്നെയായാലും, വീട്ടിലെ ഓണത്തിനു നിറവും മണവും സന്തോഷവും എത്തിക്കണമെന്ന ആഗ്രഹം തന്നെയാണ് നഗരവിപണിയുടെ ഏറ്റവും വലിയ ചലനശക്തി.